സംഘം അബ്ബാസിന്റെ മനോഹരമായ കവിതകളുടെ സമാഹാരമാണ് മഴയോടാണെന്‍റെ പ്രണയം. പ്രണയം പല രൂപവും ഭാവവും കൈക്കൊണ്ട് പലരിലും പ്രവേശിക്കാറുണ്ട്. പ്രണയത്തിന്റെ ചേതോഹരമായ കുരുക്കുകള്‍ ചിലപ്പോള്‍ ഉണങ്ങാത്ത മുറിവു പോലെയും മറ്റു ചിലപ്പോള്‍ മരവിക്കാത്ത നൊസ്റ്റാള്‍ജിയ ആയും പ്രകടമാകാറുണ്ട്. ഒരു നാള്‍ അവനോ അവളോ മധ്യവയസിന്റെ പ്രാരാബ്ധങ്ങളും പേറി ചിന്താകുലനായിരിക്കേ ചിലപ്പോള്‍ പഴയ ഒരു ഹിന്ദി ഗാനമാകും ക്യാമ്പസ് ജീവിതത്തിന്റെ മധുരം ഓര്‍മയിലേക്കോടിയെത്തിക്കുക. ചില നേരങ്ങളില്‍ ചില പൂക്കളുടെ ഗന്ധമോ ചാറ്റല്‍ മഴയോ നനുത്ത കാറ്റോ ഒരു ഗാനമോ നമ്മളിലെ പഴയ പ്രണയത്തെ ചാരം നീക്കി തെളിച്ചെടുക്കാറുണ്ട്. അങ്ങനെ ചേതാഹരമായ പ്രണയത്തിന്റെ കാലൊച്ചകളിലേക്കാണ് സംഘം അബ്ബാസിന്‍റെ ഈ കവിതകള്‍ നമ്മെ നയിക്കുന്നത്.